പയ്യന്നൂർ: പയ്യന്നൂരിലെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽ തീപിടിത്തം. കാസർഗോട്ടെ പി.കെ. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ സിറ്റി സെന്ററിലെ "മിയോര ബ്യൂട്ടിക്ക്' ടെക്സ്റ്റൈൽ സ്ഥാപനത്തിലാണു തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.
ഇന്നലെ വൈകുന്നേരം നാലോടെയാണ് പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിനു മുന്നിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു.
സ്ഥാപനത്തിനുള്ളിൽ തീ പടർന്നതോടെ സമീപത്തെ കടകളിലേക്കും തീ വ്യാപിക്കാനുള്ള സാധ്യത അഗ്നിരക്ഷാസേനയുടെ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട വിൽപനയ്ക്കായി ഇന്നലെ പുതിയ സ്റ്റോക്ക് എത്തിയിരുന്നു. ബാഗ്, പണം, മൊബൈൽ ഫോൺ എന്നിവയും അഗ്നിക്കിരയായി.
ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വൈദ്യുത വയറിംഗുകളിലെ തകരാറുകളും അമിതഭാരവും ഷോർട്ട് സർക്യൂട്ടും വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തത്തിന് കാരണമാകുന്നതിനാൽ വയറിംഗുകൾ യഥാസമയം പരിശോധിക്കുകയും തകരാറുകൾ കണ്ടെത്തിയാൽ ഉടൻ പരിഹരിക്കുകയും ചെയ്യണമെന്ന് അഗ്നിരക്ഷാസേന നിർദേശിച്ചു.